Wednesday, January 13, 2010

കുമരകം മെത്രാന്‍ കായല്‍:സോളിഡാരിറ്റി വസ്തുതാന്വേക്ഷണ സംഘം സന്ദര്‍ശിച്ചു



കോട്ടയം :ഇനിയും നശിപ്പിക്കപ്പെട്ടിട്ടില്ലാത്ത പ്രക്രുതിയുടെ നന്മകള്‍ ആസ്വദിച്ചുകൊണ്ടാണ്‌ സോളിഡാരിറ്റി ജില്ലാസമിതിയുടെ നേത്രുത്വത്തിലുള്ള വസ്തുതാന്വേക്ഷണ സംഘം കുമരകം മെത്രാന്‍ കായല്‍ പ്രദേശം സന്ദര്‍ശിച്ചത്.കേരളീയ സമൂഹത്തിന്റെ സാംസ്കാരിക അധപതനത്തിന്റെ ഗതിവേഗം കൂട്ടുന്ന ടൂറിസം പദ്ധതി തന്നെയാണ്‌ കുമരകം പ്രദേശത്തിന്റെയും ഹരിത ഭംഗിയെ തകര്‍ക്കുവാന്‍ തയ്യാറായി നില്‍ക്കുന്നത്.വേമ്പനാട് കായലിനോട് ചേര്‍ന്നു കിടക്കുന്നു മെത്രാന്‍ കായല്‍ പ്രദേശം,417 ഏക്കര്‍ വരുന്ന മെത്രാന്‍ കായല്‍ നികത്തി ഗോള്‍ഫ് കോഴ്സ് അടക്കമുള്ള ഹോട്ടല്‍-റിസോര്‍ട്ട് നിര്‍മ്മിക്കുവാനാണ്‌ ഒരു ബഹുരാഷ്ട്ര കമ്പനി ശ്രമിക്കുന്നത്.അവര്‍ ഇതിനകം തന്നെ ഏകജാലക സം‌വിധാനം വഴി വ്യവസായ വകുപ്പിന്‌ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അടക്കം അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സോളിഡാരിറ്റി വസ്തുതാന്വേക്ഷണ സംഘം പ്രദേശം സന്ദര്‍ശിച്ചത്‌.ആദ്യ കാഴ്ച്ചയില്‍ തന്നെ മെത്രാന്‍ കായല്‍ പ്രദേശത്തിന്റ് പരിസ്ഥിതി പ്രാധാന്യം മനസ്സിലാകും,അടുത്ത കാലം വരെ ഒരുപ്പൂ ക്രിഷിയും,ബാക്കി സമയങ്ങളില്‍ മത്സ്യ ക്രിഷിയും നടത്തിയിരുന്ന മെത്രാന്‍ കായല്‍ പ്രദേശം ഇല്ലാതാക്കി അവിടെ റിസോര്‍ട്ട് സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയില്ല.പ്രോജക്ട് സമര്‍പ്പിച്ചിരിക്കുന്ന കമ്പനി കായലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂമി എന്നാണ്‌ മെത്രാന്‍ കായലിനെ വിശദീകരിക്കുന്നത്,എന്നാല്‍ മെത്രാന്‍ കായല്‍ കായല്‍ തന്നെയാണ്‌ എന്നുള്ളതാണ്‌ വസ്തുത.പ്രക്രുതി സന്തുലനത്തിന്‌ ഒരു കോട്ടവും വരുത്താതെ വേലിയേറ്റ്,വേലിയിറക്കങ്ങള്‍ക്ക് അനുസരിച്ച് മടകുത്തി നെല്‍‌ക്രിഷിയും,മത്സ്യക്രിഷിയും നടത്തി വന്നിരുന്ന പ്രദേശം.
മണ്ണടിച്ച് കായല്‍ നികത്തി കടന്നു വരുന്ന ടൂറിസം വികസനം മണ്ണിന്റെ മക്കളെയും,അവരുടെ ജീവിതരീതിയെയും,സംസ്കാരത്തെയും,കുമരകത്തിന്റെ ജൈവ വൈവിദ്ധ്യത്തെയുമാണ്‌ മണ്ണിനടിയിലാക്കുന്നത്,ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം. വൈവിധ്യം നിറഞ്ഞ വേമ്പനാട് കായല്‍ പ്രദേശങ്ങള്‍ ഏതൊരു മനുഷ്യനും പ്രക്രുതിയൊരുക്കിയിരിക്കുന്ന ഒരു പാഠപുസ്തകമാണ്‌.കക്കയുടെയും,കണ്ടലിന്റെയും,കരിമീനിന്റെയും,അപൂര്‍‌വ്വസസ്യങ്ങളുടെയും കലവറയാണ്‌ വേമ്പനാട്ട്‌ കായല്‍.അതു പോലെ തന്നെയാണ്‌ പ്രക്രുതിയൊരുക്കുന്ന വിഭവങ്ങളില്‍ നിന്നും ജീവിതം കരുപ്പിടിപ്പിക്കുന്ന കുമരകത്തെ മനുഷ്യരും.

ഇപ്പോള്‍ തന്നെ റിസോര്‍ട്ടുകളുടെ കടന്നു കയറ്റവും,വേമ്പനാട്ടു കായലിലൂടെ അലസ ഗമനം നടത്തുന്ന കൊട്ടാര സമാനമായ കെട്ടുവള്ളങ്ങളും പ്രക്രുതിക്കു്‌ വരുത്തിയ നാശങ്ങള്‍ നമുക്കു കാണുവാന്‍ കഴിയും.അതിലൊന്നാണ്‌ തീരത്ത് അടിഞ്ഞു കൂടിയിരിക്കുന്ന വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍.നശിപ്പിക്കപ്പെടുന്ന സസ്യസമ്പത്ത്,കായലില്‍ കുറഞ്ഞു വരുന്ന മത്സ്യസമ്പത്ത് ഇവയൊക്കെ പ്രദേശ വാസികളുടെ മാത്രം ഭീതിയായി ഒടുങ്ങരുത്,ജാഗ്രത്തായി മുഴുവന്‍ മനുഷ്യരും ഉണ്ടാകണം.

മെത്രാന്‍ കായലിന്റെ സിംഹഭാഗവും കമ്പനി വാങ്ങി കഴിഞ്ഞു എന്നാണ്‌ അറിയുവാന്‍ കഴിഞ്ഞത്‌.ഇനിയും വില്‍ക്കുവാന്‍ തയ്യാറല്ലാത്ത ഒന്നു രണ്ടു വ്യക്തികള്‍ കൂടിയുണ്ട്.പഞ്ചായത്ത് അധിക്രിധര്‍ റിസോര്‍ട്ട് പ്രോജക്ടിന്‌ അനുമതി നല്‍കില്ല എന്നു പറയുന്നുണ്ടെങ്കിലും പ്രദേശവാസികള്‍ അതു മുഖവിലക്കെടുത്തിട്ടില്ല.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിന്റെ പിന്നാമ്പുറ്ത്തുണ്ടെന്നു തന്നെ നാട്ടുകാര്‍ വിശ്വസിക്കുന്നു.പത്തു പേരടങ്ങിയ വസ്തുതാന്വേക്ഷണ സംഘത്തിന്‌ ജില്ലാ പ്രസിഡണ്ട് അഷറഫ്.പി.എസ്,ജനറല്‍ സെക്രട്ടറി പി.എ.നിസ്സാം എന്നിവര്‍ നേത്രുത്വം നല്‍കി.




No comments:

Post a Comment