Thursday, April 29, 2010

സി ആര്‍ ഇസെഡ് കേന്ദ്ര വിജ്ഞാപനം മത്സ്യത്തൊഴിലാളികള്‍ ആശങ്കയോടെ നോക്കിക്കാണുന്നു : സോളിഡാരിറ്റി ടേബിള്‍ ടോക്ക്

തിരുവനന്തപുരം : ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ച സി.ഇസെഡ്.എം വിജ്ഞാപനത്തിന് പകരമായി കൊണ്ടവരുന്ന സി ആര്‍ ഇസെഡ് 2010 വിജ്ഞാപനവും മത്സ്യത്തൊഴിലാളികള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നതെന്ന് സോളിഡാരിറ്റി 'തീരദേശവും കേന്ദ്രനിയമങ്ങളും'  എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ടൂറിസം , ഖനന ലോബികള്‍ക്കായി തീരപ്രദേശം തീറെഴുതുന്ന സമീപനം തന്നെയാണ് വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദിഷ്ട വിജ്ഞാപനത്തിന്റെ കരടിലുള്ളത്്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണി ഉയര്‍ത്തുന്ന നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച് മത്സ്യതൊഴിലാഴികളും മറ്റ് സാമൂഹ്യസംഘടനകളും ആവശ്യപ്പെട്ട ഭേദഗതികളോടെ വേണം പുതിയ വിജ്ഞാപനം പുറത്തിറക്കാന്‍.
കേന്ദ്ര കൃഷി മന്ത്രാലയം കരട് അവതരിപ്പിച്ച മത്സ്യ ബന്ധനപരിപാലന നിയന്ത്രണ നിയമവും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതും തീരക്കടലിലടക്കമുള്ള മത്സ്യസമ്പത്തുകള്‍ കുത്തകകള്‍ക്ക് ചൂഷണം ചെയ്യാന്‍ ഇടവരുത്തുന്നതുമാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് . അവസരം നല്‍കുനതിന് പകരം നിലവിലുള്ള മേഖലകളില്‍ നിന്ന് കൂടി അവരെ ഒഴിവാക്കുന്ന സമീപനമാണ് ബില്ലിലെ വ്യവസ്ഥകള്‍. പരിസ്ഥിതി നിയമങ്ങളുടെ പേരില്‍ മത്സ്യതൊഴിലാളികളുടെ പാര്‍പ്പിട നിര്‍മ്മാണത്തിന് അനുമതി നല്‍കാത്തവര്‍ തീരങ്ങളില്‍ വന്‍ റിസോര്‍ട്ടുകള്‍ക്കും പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന ഖനനങ്ങള്‍ക്കും യഥേഷ്ടം അനുമതി നല്‍കുന്നുണ്ട്. തീരത്തിന്റെ പരിസ്ഥിതി പരിപാലനത്തിന്  നിര്‍ണ്ണായക പങ്ക് വഹിക്കുന്ന മത്സ്യത്തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് വേണം തീരനിയമങ്ങള്‍ നിര്‍മ്മിക്കാന്‍. അപാകതകള്‍ പരിഹരിച്ച് വേണം നിയമങ്ങളുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും കൃഷിമന്ത്രാലയവും മുന്നോട്ട് പോകാനെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.സജീദ് വിഷയം അവതരിപ്പിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ചെയര്‍മാന്‍ കമലാക്ഷന്‍ കൊക്കല്‍, സി.ഇസെഡ് എം അതോറിറ്റി മുന്‍ അംഗം രവീന്ദ്രന്‍ നായര്‍, സഞ്ജീവ ഘോഷ്, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി.പീറ്റര്‍, സോളിഡാരിറ്റി  സംസ്ഥാന വൈസ്  പ്രസിഡന്റ് കെ.എ ഷഫീഖ്, മത്സ്യ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.റ്റി.യു.സി) സംസ്ഥാന  സമിതി അംഗം ആര്‍. പ്രസാദ്, തീര സംരക്ഷണസമിതി പ്രസിഡന്റ് കെ.സി ശ്രീകുമാര്‍, തീരദേശമഹിളാ വേദി പ്രസിഡന്റ് മാഗ്ലിന്‍ പീറ്റര്‍, ബിന്‍സി (കബനി), മായ (കബനി), സോളിഡാരിറ്റി മേഖലാ സെക്രട്ടറി ഹാഷിം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Post a Comment