പൊതുവഴികള്‍ സ്വകാര്യവത്കരിക്കാനുള്ള ശ്രമം ജനാധിപത്യത്തിന്റെ അധഃപതനമാണെന്ന് എറണാകുളത്ത് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു കൊണ്ട് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. ഈ സമരം ഇന്ത്യന്‍ ജനതയുടെ ശബ്ദമാണ്. ജനാധിപത്യ രാജ്യത്ത് സ്‌കൂളും വഴിയും ആശുപത്രികളും പൊതുസ്വത്തായി നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് നഷ്ടമാവുക സ്വരാജ് ആയിരിക്കും.റോഡ് വീതുകൂട്ടാനെന്ന വ്യാജേനെ വഴിവക്കത്തുള്ളവരെ പുറം തള്ളി ഭൂമി കുത്തകള്‍ക്ക് നല്‍കുന്നത് ലജ്ജാകരമാണ്. സ്‌കൂളുകള്‍ ആശുപത്രികള്‍, പൊതുവഴികള്‍ തുടങ്ങി മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായതെല്ലാം സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്വാതന്ത്രത്തിന് വേണ്ടി പോരാടിയവരെ അവഹേളിക്കലാണിത്. സ്വാതന്ത്ര്യവും സ്വരാജും നിലനിര്‍ത്താന്‍ നിരന്തരമായ പോരാട്ടം തുടരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ദേശീയ പാത വികസനത്തിന്റെ പേരില്‍ റോഡുകള്‍ കുത്തകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതില്‍ കേരളത്തിലെ ഇരു മുന്നണികളും തങ്ങളുടെ നിലപാടുകള്‍വ്യക്തമാക്കണമെന്ന് തിരുവനന്തപുരത്ത് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത ജാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ടി.ആരിഫലി ആവശ്യപ്പെട്ടു. കേരളത്തില്‍ വന്‍ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കുറ്റകരമായ മൗനം അപലപനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തന്നെ വഴിനടക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. ആഗോള വത്ക്കരണത്തിനെതിരെയും സ്വകാര്യവത്ക്കരണത്തിനെതിരെയും പ്രചാരണം ഇക്കൂട്ടര്‍ അവസാനിപ്പിച്ച് മുതലാളിമാരെ കുടിയിരുത്താനുള്ള ശ്രമം ആരംഭിച്ചു. പതിനഞ്ച് മീറ്റര്‍ അധികമായി ഭൂമി ഏറ്റെടുക്കുന്നതില്‍ കച്ചവടതാല്‍പ്പര്യം മാത്രമാണുള്ളത് - അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പുതിയ സാമ്പത്തിക ജാതികള്‍ ഉടലെടുക്കുകയാണെന്നും റോഡു വില്‍ക്കുക വഴി ഒന്നുമില്ലാത്തവന്റെ അവസാന ആശ്രയമായ പെരുവഴിപോലും സമ്പന്ന വര്‍ഗ്ഗം കൈക്കലാക്കുകയാണെന്നും കോഴിക്കോട് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത കഥാകാരന്‍ കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സാംസ്‌കാരിക നായകന്‍മാര്‍ പ്രതികരിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നു. സാധാരണക്കാരന്റെ തിരിച്ചറിവ് പോലും സാസ്‌കാരിക നായകര്‍ക്കില്ലാതെ പോയി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്യായമായ വികസനത്തനെതിരെ അണിനിരക്കാനുള്ള ചങ്കൂറ്റം രാഷ്ട്രീയപാര്‍ട്ടികള്‍ കാണിക്കണമെന്ന് സത്യാഗ്രഹങ്ങളില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബുര്‍റഹ്മാന്‍ പറഞ്ഞു. സാംസ്‌കാരിക നായകരും ഇക്കാര്യത്തില്‍ മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിരന്തരമായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് നടത്തുന്ന നടപടികള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ് ഇന്ന് ഉയര്‍ന്നു വരുന്ന ജനരോക്ഷങ്ങള്‍ സൂചിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാട് സ്വീകരിത്തില്ലെങ്കില്‍ സ്വന്തെ മണ്ഡലങ്ങളില്‍ പ്രവേശിക്കാനാവാത്ത അവസ്ഥയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കാലടി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍, മാധ്യമം എഡിറ്റര്‍ ഒ..അബ്ദുറഹ്മാന്‍, ഗ്രോ വാസു, ഫാ എബ്രബാം ജോസഫ്, പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, കല്പറ്റ നാരായണന്‍, അജയന്‍ കല്ലറ, കെ.റ്റി സൂപ്പി, പി.കെ പാറക്കടവ്, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ നൗഷാദ്, വൈസ് പ്രസിഡന്റ് കെ.എ ഷഫീക്ക്, സംസ്ഥാന സെക്രട്ടറിമാരായ എന്‍കെ അബ്ദുല്‍ സലാം, ടി. മുഹമ്മദ്, കെ.സജീദ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ഡോ.കെ,മുഹമ്മദ് നജീബ്, കെ.റ്റി ഹുസൈന്‍, നാഷണല്‍ ഹൈവേ ആക്ഷന്‍ ഫോറം സംസ്ഥാന പ്രസിഡന്റ് പ്രകാശ് മേനോന്‍, ജനറല്‍ സെക്രട്ടറി സുന്ദരേശന്‍ പിള്ള ഹൈവേ ആക്ഷന്‍ കൗണ്‍സില്‍ നേതാക്കശായ ഹാഷിം ചേന്ദമ്പിള്ളി, , നാസര്‍, റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് എന്‍.പി ചന്ദ്രശേഖരന്‍, ഗീഥ, പി.പ്രസാദ്, ടി.പീറ്റര്‍ , ആര്‍ അജയന്‍, ഓടനാവട്ടം വിജയപ്രകാശ്, അജിത് പനവിള, മഹേശ്വരി സജീവ്, വിവിധ യുവജന സംഘടനാ നേതാക്കള്‍, കവികള്‍ ചിത്രകാരന്‍മാര്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കവിയരങ്ങ്, കഥാ സദസ്സ്, പോരാളികളുടെ സംഗമം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സത്യാഗ്രഹ പന്തലില്‍ നടന്നു.
സത്യഗ്രഹ പന്തലുകളില്‍ സ്ഥാപിച്ച ഇ-മെയില്‍ ബൂത്തിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി കമല്‍ നാഥ്, കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ ആന്റണി, യു.പി.എ ചെയര്‍മാന്‍ സോണിയാ ഗാന്ധി, കേരളാ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ എന്നിവര്‍ക്ക് നൂറു കണക്കിന് ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചു.